ന്യൂഡൽഹി : ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് താൻ പോരാടുന്നത് എന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു.
”ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്. അതിന് വേണ്ടി എന്ത് വില കൊടുക്കാനും തയ്യാറാണ്. ” രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ന് ഉച്ചയോടെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിൽ സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷത്തെ തടവിന് വിധിച്ചിരുന്നു.
എല്ലാ കള്ളന്മാർക്കും മോദി എന്നാണ് പേര് എന്നായിരുന്നു രാഹുലിന്റെ പരാമർശം. മോദി സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നടത്തിയ പരാമർശത്തിനെതിരെ ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകി അപകീർത്തി കേസിലായിരുന്നു വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.
Discussion about this post