ആലപ്പുഴ: മെിഡക്കൽ കോളേജ് ആശുപത്രിയിൽ സിപിഐ ശുപാർശയിൽ നിയമനം. അറ്റന്റർ തസ്തികയിലാണ് സിപിഐ ശുപാർശയെ തുടർന്ന് യുവതിയ്ക്ക് ജോലി ലഭിച്ചത്. നിയമനം ലഭിച്ചതിന് പിന്നാലെ നേതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള യുവതിയുടെ ശബ്ദ സന്ദേശം പുറത്തായതോടെയാണ് സംഭവം അറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.
പാർട്ടിയുടെ പ്രാദേശിക വാട്‌സ് ആപ്പ് ഗ്രൂപ്പിലായിരുന്നു നന്ദി പറഞ്ഞുകൊണ്ടുള്ള യുവതിയുടെ ശബ്ദ സന്ദേശം. സിപിഐ അമ്പലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ ജയൻ, സിപിഐ നേതാവ് കുഞ്ഞുമോൻ എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ജോലി ലഭിച്ചത് എന്ന് യുവതി പറയുന്നു. “എന്റെ സഹപ്രവർത്തകരെ, ഞാൻ ഇന്ന് മുതൽ സ്‌കാനിംഗിൽ ജോലിയിൽ പ്രവേശിച്ചു. അതിന് ഞാൻ ഇ.കെ ജയൻ സഖാവിനും, കുഞ്ഞുമോൻ സഖാവിനും, എന്റെ ജോലിയ്ക്ക് വേണ്ടി സൂപ്രണ്ടിനോട് സംസാരിച്ച് എനിക്ക് ജോലി മേടിച്ച് തന്നതിന് ഞാൻ അവരോട് നന്ദി പറയുന്നു”. എന്നിങ്ങനെയായിരുന്നു യുവതിയുടെ ശബ്ദസന്ദേശം.
യുവതിയ്ക്ക് ജോലി ലഭിച്ച തസ്തികയിലേക്ക് 34 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ നാല് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി യുവതിയ്ക്ക് നിയമനവും നൽകി. തിരുവനന്തപുരം കോർപ്പറേഷനിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സിപിഎം നേതാവ് ആനവൂർ നാഗപ്പന്റെ ശുപാർശ കത്ത് പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ചതോടെ ഇനി മുതൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയേ നിയമനം നടത്തൂ എന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടത്.
അതേസമയം ക്യാൻസർ കെയർ സൊസൈറ്റിയ്ക്ക് വേണ്ടി ചട്ടങ്ങൾ പാലിച്ച് റേഡിയോളജി വകുപ്പ് തലവനാണ് നിയമനം നടത്തിയതെന്നാണ് മെഡിക്കൽ കോളേജ് സുപ്രണ്ട് പറയുന്നത്. കൂടുതൽ മാർക്ക് ലഭിച്ച ആളെയാണ് എടുത്തതെന്നും മറ്റ് കാര്യങ്ങൾ അറിയില്ലെന്നും സൂപ്രണ്ട് പറയുന്നു. സംഭവത്തിൽ ഇതുവരെ ആരോപണ വിധേയരായ നേതാക്കൾ പ്രതികരിച്ചിട്ടില്ല.












