ന്യൂഡൽഹി: ജനപ്രതിനിധികളെ ക്രിമിനൽ കേസിൽ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചാലുടൻ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3)ലെ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാമൂഹികപ്രവർത്തകയായ ആഭ മുരളീധരൻ ഹർജി നൽകിയിരിക്കുന്നത്. മാനനഷ്ടക്കേസിൽ ശിക്ഷിച്ചാലുടൻ അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
2013ലെ സുപ്രീംകോടതി വിധിയുടെ പുന:പരിശോധനയാണ് ഹർജിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ക്രിമിനൽ കേസുകളിൽ രണ്ടോ അതിലധികം വർഷമോ തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടൻ അയോഗ്യരാകുമെന്നാണ് ലില്ലി തോമസ് കേസിൽ സുപ്രീംകോടതി അന്ന് വിധിച്ചത്.
മോദി സമുദായത്തിനെതിരെ നടത്തിയ അപകീർത്തികരമായ പ്രസ്താവനയുടെ പേരിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ്ശിക്ഷ വിധിക്കുകയും, ലോക്‌സഭാ അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അയോഗ്യത സംബന്ധിച്ച് ഉത്തരവ് ഇറക്കുന്നതിന് മുൻപായി ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.









Discussion about this post