ആലപ്പുഴ : വായ്പ എടുത്തത് തിരിച്ചടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് കയർ തൊഴിലാളി തൂങ്ങി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി ശശിയെ (54) ആണ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
മൂന്ന് മാസത്തോളമായി ശശിക്ക് ജോലി ഇല്ലായിരുന്നു. ഇതോടെ മക്കളുടെ വിവാഹത്തിന് വേണ്ടിയെടുത്ത വായ്പ മുടങ്ങി. അഞ്ചു ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ശശി മാനസിക പ്രയാസത്തിലായി.
വായ്പ തിരിച്ചടയ്ക്കുന്നതിൽ മുടക്കം വന്നതോടെ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ബാങ്ക് ജീവനക്കാർ മരുമക്കളുടെ മുന്നിൽവെച്ച് അപമാനിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











