ശ്രീനഗർ : ഖാലിസ്ഥാൻ അനുകൂല ഭീകര നേതാവായ അമൃത്പാൽ സിംഗുമായി ബന്ധമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ജമ്മു കശ്മീർ പോലീസ്. അമൃത്പാൽ സിംഗിന്റെ അടുത്ത സഹായി പപാൽ പ്രീത് സിംഗുമായി ബന്ധമുളള ആർഎസ് പുര സ്വദേശികളായ അമ്രിക് സിംഗ്, ഭാര്യ പരംജീത് കൗർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഇവരെ പഞ്ചാബ് പോലീസിന് കൈമാറി. അമൃത്പാൽ സിംഗിന് ഒളിവിൽ പോകാൻ ഇവർ സഹായം ചെയ്ത് കൊടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്. മാർച്ച് 18 നാണ് പിടികിട്ടാപ്പുള്ളി അമൃത്പാൽ സിംഗിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.
അതേസമയം, ഒളിവിൽ കഴിയുന്ന അമൃതപാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് കടക്കാൻ സാധ്യതയുള്ളതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വി മുരുകേശൻ അറിയിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലേക്കോ പഞ്ചാബിലേക്കോ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരമാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അതിർത്തിയിൽ വാഹന പരിശോധന ഉൾപ്പെടെ നടത്തുന്നുണ്ട്.
രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കാനുളള സാധ്യത കണക്കിലെടുത്ത് ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. ഇയാൾ വേഷം മാറി വരാൻ സാധ്യതയുള്ളതിനാൽ നിരവധി ചിത്രങ്ങളാണ് പോലീസ് പുറത്തുവിടുന്നത്.









