മുംബൈ : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ സിബിഐ കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു. ഗുജറാത്തിലാണ് സംഭവം. ജോയിൻറ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആയിരുന്ന ജാവരി ബിഷ്‌ണോയ് ആണ് ജീവനൊടുക്കിയത്.
ചോദ്യം ചെയ്യലിനിടെ ഓഫീസിന്റെ നാലാം നിലയിൽ നിന്ന് ഇയാൾ താഴേക്ക് ചാടുകയായിരുന്നു. 5 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെയാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അദ്ദേഹത്തിന്റെ ഓഫീസിൽ സിബിഐ പരിശോധന നടത്തിയിരുന്നു. ബിഷ്ണോയിയുടെ ഓഫീസിൽ സിബിഐ രാത്രി മുഴുവൻ തിരച്ചിൽ നടത്തി. രാവിലെ 9.45 ഓടെ, പരിശോധന അവസാനിക്കാനിരിക്കെ പ്രതി പെട്ടെന്ന് ജനലിലേക്ക് ഓടിക്കയറി പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് ഡിസിപി സുധീർ ദേശായി പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബിഷ്ണോയിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദ്യുമൻ നഗർ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ബിഷ്ണോയിയുടെ ഓഫീസിൽ പരിശോധന നടത്തിയ സിബിഐ ഉദ്യോഗസ്ഥരെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.









