മുംബൈ : സ്വാതന്ത്ര്യസമര സേനാനി വീർ ദാമോദർ സവർക്കറിനെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചതിന് പിന്നാലെ കോൺഗ്രസുമായി ചർച്ചയ്ക്കില്ലെന്ന് ഉദ്ധത് താക്കറെ വിഭാഗം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വച്ച് നടത്താനിരുന്ന യോഗത്തിൽ നിന്നാണ് ഉദ്ധവ് പിന്മാറിയത്. അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ”മാപ്പ് ചോദിക്കാൻ ഞാൻ സവർക്കറല്ല, ഗാന്ധിയാണ്” എന്ന് രാഹുൽ പരാമർശിച്ചിരുന്നു. ഇത് ശിവസേന നേതാക്കൾക്കിടയിൽ അമർഷം സൃഷ്ടിച്ചിരിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഉദ്ധവ് താക്കറെ ശക്തമായി അപലപിച്ചു. ”സവർക്കർ തങ്ങളുടെ ദൈവമാണ്. അടിമത്വത്തിനും അനീതിക്കുമെതിരെ പോരാടിയ വീരനാണ് അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിനായി അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്. സവർക്കറെ അപമാനിച്ചുകൊണ്ട് ഈ പോരാട്ടത്തിൽ വിജയിക്കാൻ രാഹുലിന് സാധിക്കില്ല. ഇങ്ങനെ പോയാൽ രാഹുൽ ഗാന്ധിയോട് ജനങ്ങൾക്കുള്ള സഹതാപം കുറയുമെന്നും” ഉദ്ധവ് പറഞ്ഞു.
”ശിവസേന (ഉദ്ധവ് പക്ഷം), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നീ മൂന്ന് പാർട്ടികൾ ചേർന്നുള്ള മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയാണ്. അതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും അതിന്റെ ഭരണഘടനയെയും സംരക്ഷിക്കാനാണ് നമ്മൾ ഒന്നിച്ചിരിക്കുന്നത് എന്ന് രാഹുൽ ഗാന്ധിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ബോധപൂർവം പ്രകോപിതനാവുകയാണ്. ഈ സമയം പാഴായാൽ ജനാധിപത്യം ഇല്ലാതാകും. അങ്ങനെയെങ്കിൽ 2024 ലേത് അവസാന തിരഞ്ഞെടുപ്പായിരിക്കും,’ ഉദ്ധവ് കൂട്ടിച്ചേർത്തു.
Discussion about this post