കൊൽക്കത്ത: ആൻഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചിൽ നിന്ന് പ്ലാസ്റ്റിക്ക് പാറക്കഷണം കണ്ടെത്തി. ബീച്ചിൽ പരിശോധന നടത്തിയ മറൈൻ ബയോളജിസ്റ്റുകളുടെ സംഘത്തിനാണ് പാറക്കഷണം കിട്ടിയത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്ന് വിളിക്കപ്പെടുന്ന ഇവ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ മറ്റൊരു രൂപമാണ്. ആൻഡമാന് തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ദ്വീപ് ആണ് ആവെസ്. രണ്ട് പുരുഷന്മാർ മാത്രമാണ് ഈ ദ്വീപിൽ താമസം.
പ്ലാസ്റ്റിക്കിലെ സംയുക്തങ്ങൾ മണ്ണും പാറക്കഷണങ്ങളും കക്കകളും മറ്റുള്ളവയുമായി ചേർന്ന് പാറക്കഷണമായി രൂപപ്പെടുന്നതിനാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്ന് പറയുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് ലഭിക്കുന്നത്.
പ്ലാസ്റ്റിക് പോളിമറുകളായ പോളി എത്‌ലിനും പോളിവിനൈൽ ക്ലോറൈഡുമാണ് പ്ലാസ്റ്റിഗ്ലോമെറേറ്റിൽ കണ്ടെത്തിയതെന്ന് കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ബയോളജിക്കൽ സയൻസസ് പ്രൊഫസർ പുണ്യശ്ലോകെ ഭാദുരി പറഞ്ഞു. വലിയൊരു കല്ലിന്റെ അത്രയും വലിപ്പമുള്ള പ്ലാസ്റ്റിഗ്ലോമെറേറ്റ് ആണ് ദ്വീപിൽ നിന്ന് ലഭിച്ചത്. മറൈൻ പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.











