ചെന്നൈ: കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ല് കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് പോലീസ് പിഴുത് മാറ്റിയെന്ന പരാതിയിൽ അന്വേഷണം. അടിപിടി കേസിൽ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുത് മാറ്റി എന്നാണ് ആരോപണം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ആരോപണവിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെൽവേലി അംബാസമുദ്രം എഎസ്പി ബൽവീൽ സിംഗിനെതിരെയാണ് പരാതി. അംബാസമുദ്രം സ്വദേശി ചെല്ലപ്പയേയും മറ്റ് ഒൻപത് പേരെയും അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ബൽവീർ സിംഗ് ഓരോ പ്രതികളേയും ക്യാബിനിൽ വിളിച്ചു വരുത്തി പല്ല് പിഴുതെടുത്തെന്നാണ് ആരോപണം.
ഗൺമാനും മറ്റൊരു ഉദ്യോഗസ്ഥനും ചേർന്ന് പ്രതികളുടെ കൈകൾ പിടിച്ച് വച്ചെന്നും, ബൽവീർ സിംഗ് കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് പല്ല് പിഴുതു മാറ്റിയെന്നും ഇവർ പറയുന്നു. ശേഷം വായിൽ കരിങ്കൽ കഷണങ്ങൾ ഇട്ട ശേഷം ചവക്കാൻ ആവശ്യപ്പെട്ടു. പുറത്ത് ആരോടും ഇക്കാര്യങ്ങൾ പറയരുതെന്നും നിർദ്ദേശിച്ചു. എന്നാൽ പീഡനത്തിനിരയായ മൂന്ന് പേർ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് പറയുകയായിരുന്നു. പിന്നാലെയാണ് ജില്ലാ കളക്ടർ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.
Discussion about this post