ചെന്നെ: തമിഴ്‌നാട്ടിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. തിരുമഞ്ചോലൈ സ്വദേശി ഗുബേന്ദ്രനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ തീവണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്.
ചെന്നൈയിൽ നിന്നും മൈസൂരുവിലേക്ക് പോകുകയായിരുന്ന തീവണ്ടിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പുതൂരിൽ വച്ചായിരുന്നു കല്ലെറിഞ്ഞത്. സംഭവ സമയം ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. റെയിൽവേ ട്രാക്കിലിരുന്ന് 21 കാരനായ ഗുബേന്ദ്രൻ മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് അതുവഴി തീവണ്ടി കടന്നു പോയത്. ഇത് കണ്ടതോടെ കല്ലെറിയുകയായിരുന്നു. ഇതിൽ തീവണ്ടിയുടെ ചില്ല് തകർന്നിരുന്നു.
സംഭവത്തിൽ റെയിൽവേ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കല്ലെറിഞ്ഞ കാര്യം യുവാവ് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.








