മുംബൈ: മാദ്ധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയെന്ന കേസിൽ സൽമാൻ ഖാനെതിരായ എഫ്‌ഐആർ റദ്ദാക്കി ബോംബെ ഹൈക്കോടതി. 2019ൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്. കേസുമായി ബന്ധപ്പെട്ട് സൽമാൻ ഇനി അന്ധേരി കോടതിയിൽ ഹാജരാകേണ്ടതില്ല. പൊതുമധ്യത്തിൽ അപമാനിക്കുകയും, ഫോൺ തട്ടിപ്പറിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് മാദ്ധ്യമപ്രവർത്തകനായ അശോക് പാണ്ഡെ പരാതി നൽകുന്നത്. ഫോൺ തട്ടിയെടുത്തതിന് ശേഷം മോശമായി സംസാരിക്കുകയും ദോഹോപദ്രവം ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
2019 മാർച്ച് 24നാണ് കേസിനാസ്പദമായ സംഭവം. ഫോൺ തട്ടിയെടുത്ത ശേഷം ഫോണിലുള്ള എല്ലാ വിവരങ്ങളും സൽമാൻ ഡിലീറ്റ് ചെയ്‌തെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഈ കേസിൽ പോലീസ് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മജിസ്‌ട്രേറ്റ് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു.
അതേസമയം മാദ്ധ്യമപ്രവർത്തകന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഫോൺ തട്ടിയെടുത്തെന്ന് മാത്രമായിരുന്നു ആദ്യം പരാതി ഉണ്ടായിരുന്നത്. ആക്രമണത്തെക്കുറിച്ച് ആദ്യഘട്ട മൊഴിയിൽ പരാമർശം ഉണ്ടായില്ല. പിന്നീട് മജിസ്‌ട്രേറ്റിന് മുൻപാകെ പരാതി നൽകിയപ്പോഴാണ് മർദ്ദനത്തെകുറിച്ചും പറയുന്നത്. അതേസമയം മാദ്ധ്യമപ്രവർത്തകനോട് തന്റെ വീഡിയോ എടുക്കുന്നത് തടയാൻ അംഗരക്ഷകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് സൽമാന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആബാദ് പോണ്ട വാദിച്ചു.
Discussion about this post