ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മണിക്കൂറോളം നേരം ഇവിടെ ചിലവഴിച്ച പ്രധാനമന്ത്രി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പാർലമെന്റിന്റെ ഇരുസഭകളിലും ഉയർന്നുവരുന്ന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നിരീക്ഷിക്കുകയും നിർമാണ തൊഴിലാളികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.
പാർലമെന്റ് സമുച്ചയത്തിന്റെ നിർമ്മാണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി അപ്രതീക്ഷിതമായി എത്തുന്നത് ഇതാദ്യമല്ല. 2020ലാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടൽ അദ്ദേഹം നിർവഹിച്ചത്. 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 64,500 ചതുരശ്ര മീറ്റർ ഘടനയിലാണ് പുതിയ പാർലമെന്റ് സമുച്ചയം നിർമ്മിക്കുന്നത്. 971 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മഹത്തായ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയും ഇതിലുണ്ടാകും. 1200ലധികം എംപിമാരെ പാർപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
Discussion about this post