തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബുവിന് അദ്ദേഹത്തിന്റെ ഓഫീസിലെത്തി 50 ലക്ഷം രൂപ കൈമാറിയെന്ന് ആരോപിച്ചു.
തനിക്കെതിരേ ബാബു നല്കിയ മാനനഷ്ടകേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അതിനായി താന്‍ ദൂതനെ അയച്ചു എന്ന ബാബുവിന്റെ ആരോപണം തെറ്റാണെന്നും ബിജു പറഞ്ഞു. ബാബുവിനെതിരേ ഈ ആഴ്ച തന്നെ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
താന്‍ പറയുന്നത് കള്ളമാണെങ്കില്‍ ബാബു നുണ പരിശോധയ്ക്ക് വിധേയനാവട്ടെയെന്നും ബിജു രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാറുടമകള്‍ക്ക് നല്കാന് പിരിച്ച 25 കോടി രൂപയില്‍ 23.5 കോടി രൂപ എവിടെ പോയെന്നും ബിജു ചോദിച്ചു.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി ഒരു കോടി രൂപയാണ് ബാബുവിന് നല്‍കിയത്. സെക്രട്ടേറിയറ്റിലെ ഓഫീസില്‍ താന്‍ നേരിട്ട് എത്തിയാണ് ബാബുവിന് പണം നല്‍കിയത്. മന്ത്രിക്കു വേണ്ടി സുരേഷ് പൈ എന്ന സെക്രട്ടറിയാണ് പണം വാങ്ങിയത്. പിന്നീട് സെക്രട്ടറി പണം ബാബുവിന് കൈമാറുകയായിരുന്നു. തെളിവ് വേണമെങ്കില്‍ കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയാവും.
ബാബുവിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് കൃഷ്ണദാസ് പോളക്കുളത്തിന്റെ നേതൃത്വത്തിലുള്ള പോളക്കുളം ഗ്രൂപ്പാണ്. ബാബുവിന്റെ സ്പോണ്‍സറും പോളക്കുളം ഗ്രൂപ്പാണ്. ബാബുവിനെതിരേ താന്‍ നല്കിയ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയില്ല. ആരോപണങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ ബാബു തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.
Discussion about this post