ഭോപ്പാൽ: തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവരുടെ സഹായം തന്റെ പ്രതിച്ഛായ തകർക്കാനായി ലഭിക്കുന്നുണ്ട്. പണം നൽകി ഇതിനായി ആളുകൾക്ക് കരാർ നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2014 മുതൽ മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് പ്രഖ്യാപിച്ച ചിലർ നമ്മുടെ രാജ്യത്തുണ്ട്. ഇതിനായി ഇവർ പലർക്കും കരാർ നൽകിയിട്ടുണ്ട്. ‘ഇവരെ പിന്തുണയ്ക്കാൻ ചിലർ രാജ്യത്തിനകത്ത് തന്നെയുണ്ട്. ചിലർ രാജ്യത്തിന് പുറത്ത് ഇരുന്ന് അവരുടെ ജോലി ചെയ്യുന്നു. ഇക്കൂട്ടർ മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാനും കളങ്കപ്പെടുത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലെ ദരിദ്രരും, ഇടത്തരക്കാരും, ആദിവാസികളും, ദലിതരും, പിന്നാക്കക്കാരും, ഓരോ ഇന്ത്യക്കാരനും മോദിയുടെ സുരക്ഷാ കവചമായി മാറിയിരിക്കുന്നു. ഇത് അവരെ രോഷാകുലരാക്കി പുതിയ തന്ത്രങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
മുൻസർക്കാരിന് വോട്ട് ബാങ്കിനെ പ്രീതീപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. ഒരു കുടുംബത്തിന് മാത്രം അവർ പ്രഥമ പരിഗണന നൽകി. മറ്റെല്ലാവരെയും അവഗണിച്ചു. അവർ അവരുടെ കാര്യം മാത്രം നോക്കി ഇറങ്ങിപ്പോയി. അതിനിരയായതോ ഇന്ത്യൻ റെയിൽവേയും,യാതൊരു പരിഹാരവും ഉണ്ടാകാനിടയില്ലെന്നറിയുന്നതിനാൽ 2014ന് മുമ്പ് റെയിൽവേ സംബന്ധിയായ പരാതികൾ യാത്രക്കാർ ഉന്നയിക്കാറുണ്ടായിരുന്നില്ലെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.
Discussion about this post