പറ്റ്‌ന: രാമനവമി ദിനത്തിൽ മതതീവ്രവാദികൾ അഴിച്ചുവിട്ട അക്രമ സംഭവങ്ങൾക്ക് പിന്നാലെ ബിഹാർ സന്ദർശനം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും സംഘർഷ സമാന അന്തരീക്ഷം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. അമിത് ഷായുടെ സന്ദർശനം റദ്ദാക്കിയ വിവരം ബിഹാർ ബിജെപി അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരിയാണ് അറിയിച്ചത്.
അടുത്ത ദിവസം സസരമിൽ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആയിരുന്നു അമിത് ഷാ പങ്കെടുക്കാനിരുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനമൊട്ടാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് സ്വാഭാവികമായും വിലക്കുണ്ടായിരിക്കും. ഇതോടെയാണ് അമിത് ഷാ സന്ദർശനം റദ്ദാക്കിയത്.
അതേസമയം സസരമിലും നളന്ദയിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് പോലീസ് പറയുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് സസരമിൽ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പുറമേ നളന്ദയിൽ 27 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുണ്ടാകാൻ സാദ്ധ്യതയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹമാണ് പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുള്ളത് എന്നും പോലീസ് വ്യക്തമാക്കി.
Discussion about this post