ചെന്നൈ: ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് തമിഴ് സൂപ്പർ താരം വിജയ്. സമൂഹമാദ്ധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത താരം അക്കൗണ്ട് ആരംഭിച്ച് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ 1.5 മില്യൺ ഫോളോവേഴ്‌സിനെ നേടി. അക്കൗണ്ട് വെരിഫൈഡ് ആയതും ആദ്യമണിക്കൂറിനുള്ളിൽ തന്നെയെന്നത് സമൂഹമാദ്ധ്യമ ഉപയോക്താക്കളേയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.
ലിയോ ലുക്കിലുള്ള ഫോട്ടോയാണ് ഇളയ ദളപതി വിജയ് ആദ്യമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഹലോ നൻബാസ് ആൻഡ് നൻബീസ് എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിലവിൽ അദ്ദേഹം ആരെയും ഇൻസ്റ്റഗ്രാമിൽ തിരിച്ചു ഫോളോ ചെയ്യുന്നില്ലെങ്കിലും താരത്തിനെ ഫോളോ ചെയ്യുന്ന സെലിബ്രറ്റികളുടെ എണ്ണം ഉയരുകയാണ്.
വൻ വരവേൽപ്പാണ് വിജയ് ഫാൻസ് പേജുകളും അക്കൗണ്ടിന് നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ 78 ലക്ഷവും ട്വിറ്ററിൽ 44 ലക്ഷവുമാണ് വിജയിയുടെ ഫോളോവേഴ്‌സ്. അഡ്മിൻമാരാണ് ഇത് നോക്കി നടത്തുന്നത്.
നിലവിൽ വിജയ് ,ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ചിത്രീകരണ തിരക്കിലാണ്. വിക്രം സിനിമയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ലിയോ.








