മംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷത്തില് മടിക്കേരിയില്‍ കല്ലേറില്‍ കൊല്ലപ്പെട്ട വി.എച്ച്.പി. നേതാവ് കുട്ടപ്പയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി. വെള്ളിയാഴ്ച കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
കുട്ടപ്പയുടെ മരണകാരണത്തെ മുഖ്യമന്ത്രിതന്നെ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് ബി.ജെ.പി. മംഗലാപുരം എം.പി. നളില്കുമാര് കട്ടീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യുകപോലും ചെയ്യാതെയാണ് ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും കട്ടീല്‍ പറഞ്ഞു.
മടിക്കേരിയില്‍ നടന്ന ഘോഷയാത്രയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഉണ്ടായിരുന്നില്ല. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടമാണ് കേരളത്തില്നിന്നെത്തിയത്. കല്ലേറിനും തുടര്‍ന്നുനടന്ന അക്രമസംഭവങ്ങള്‍ക്കും നേതൃത്വം നല്‍കിയത് കേരളത്തില്‍നിന്ന് വന്നവരാണെന്നും അക്രമത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
13ന് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബി.ജെ.പി.യുടെ സങ്കല്പയാത്ര ഒരുദിവസം വൈകി 14ന് മാത്രമേ തുടങ്ങൂ എന്നും നേതാക്കള്‍ അറിയിച്ചു.
Discussion about this post