തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എൺപതുലക്ഷം രൂപ ലോട്ടറിയടിച്ച യുവാവ് മദ്യസത്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്നു ദുരൂഹസാഹചര്യത്തിൽ താഴേക്കു വീണ് മരിച്ചു. പാങ്ങോട് മതിര തൂറ്റിക്കൽ സജിവിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് സജീവിന് ഭാഗ്യക്കുറി സമ്മാനം ലഭിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ഇതിന്റെ തുക സജീവന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. പിന്നാലെ സുഹൃത്തുക്കൾക്ക് വേണ്ടി ഇയാൾ മദ്യസത്കാരം ഒരുക്കി.
ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീടിന്റെ മൺതിട്ടയിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
മദ്യസത്കാരത്തിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാൾ സജീവിനെ പിടിച്ചുതള്ളിയെന്നാണ് വിവരം. വീടിന്റെ മുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബ്ബർതോട്ടത്തിലേക്ക് വീണ സജീവിനു ശരീരതളർച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് സുഹൃത്തുക്കൾ സഹോദരൻ സജിയെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാനാകൂ എന്ന് പോലീസ് അറിയിച്ചു.












