കോഴിക്കോട്: എലത്തൂരിൽ ട്രെയിനിലുണ്ടായ ആക്രമണക്കേസുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് ഉത്തർപ്രദേശിലെത്തി. പ്രതിയെന്ന് സംശയിക്കുന്ന ഷാഹ്‌റൂഖ് സെയ്ഫിന്റെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കാനാണ് നീക്കം. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. കോഴിക്കോട് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് വിമാനമാർഗം യുപിയിലേക്ക് പോയിരിക്കുന്നത്. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധന പുരോഗമിക്കുകയാണ്.
എൻഐഎ സംഘവും പരിശോധനയുടെ ഭാഗമായി കണ്ണൂരിലെത്തിയിട്ടുണ്ട്. തീവയ്പ് നടന്ന ബോഗി എൻഐഎ സംഘം പരിശോധിക്കും. ആർപിഎഫ് ദക്ഷിണമേഖലാ ഐജിയും കണ്ണൂരിലെത്തിയിട്ടുണ്ട്. ആർപിഎഫ് ഐജി ടി.എം.ഈശ്വരറാവു നേരിട്ട് ബോഗികൾ പരിശോധിച്ചു. തീവ്രവാദ ആക്രമണ സാധ്യതകൾ അടക്കം പരിശോധിക്കുന്നുണ്ടെന്ന് എഡിജിപി എം.ആർ.അജിത് കുമാർ വ്യക്തമാക്കി.
അതേസമയം ഷാഹ്‌റൂഖിന്റെ ഫോൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ശേഷം ഓഫായെന്ന് കണ്ടെത്തി. ഡൽഹിയിലെ പബ്ലിക് സ്‌കൂളിൽ പഠിച്ചെന്നാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ പറയുന്നത്. ജോലി കാർപെന്റർ ആണെന്നും അക്കൗണ്ടിൽ പറയുന്നു.












