കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടിൽ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 8.50ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മണിയനെ തൂങ്ങി മരിച്ച നിലയിലും സരോജിനിയുടേയും മനോജിന്റേയും മൃതദേഹങ്ങൾ തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിയിൽ രക്തം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. മകൻ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
രാത്രിയോടെ വീട്ടിൽ നിന്നും വലിയ വഴക്ക് കേട്ടതായി അയൽവാസികൾ പറഞ്ഞു. രാത്രി രണ്ടര വരെ വീട്ടിൽ നിന്ന് സംസാരം കേട്ടിരുന്നു. രാവിലെ മണിയന്റെ സഹോദരി വന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പിന്നീട് സഹോദരിയുടെ മക്കളെത്തി തുറന്ന് നോക്കിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നും അയൽവാസികൾ പറയുന്നു. ലോട്ടറി വിൽപ്പനക്കാരനായിരുന്നു മരിച്ച മണിയൻ.











