ഗാംഗ്‌ടോക്ക്: സിക്കിമിൽ ഹിമപാതം. മഞ്ഞിനുള്ളിൽ അകപ്പെട്ട് ആറ് വിനോദസഞ്ചാരികൾ മരിച്ചു. നിരവധി പേർ മഞ്ഞിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗാംഗ്‌ടോക്കിനെയും നഥുല പാസിനെയും ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു റോഡിന്റെ 15ാം മൈലിലായിരുന്നു ഹിമപാതം ഉണ്ടായത്. വിവരം അറിഞ്ഞ ഉടനെ അടുത്തുള്ള സൈനിക ക്യാമ്പിൽ നിന്നും സേനാംഗങ്ങൾ എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. പുറത്തെടുത്ത ആറ് പേരെ അടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്ക് ജീവൻ നഷ്ടമായത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
സംഭവ സമയം സ്ഥലത്ത് 200 ഓളം വിനോദ സഞ്ചാരികൾ ആണ് ഉണ്ടായിരുന്നത്. 30 പേരെ രക്ഷിച്ചു. ഇവരെയെല്ലാം അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് 13ാം മൈൽവരെ മാത്രമേ പോകാൻ അനുവാദമുള്ളൂ. ഇത് ലംഘിച്ച് 15ാം മൈലിൽ എത്തിയാണ് ആൾനാശത്തിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു.
Discussion about this post