ന്യൂഡൽഹി:കോഴിക്കോട് ട്രെയിൻ തീവെപ്പ് മറ്റൊരു ഗോധ്ര ആവർത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണർത്തുന്നു. തീവ്രവാദസംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് ശക്തമാവുകയാണ്. ഇതിൽ രാജ്യാന്തര വിധ്വംസക ശക്തികൾക്കും കേരളത്തിലെ തീവ്രവാദ സംഘടനകൾക്കും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇടത് മുന്നണിയും യുഡിഎഫും പിഎഫ്‌ഐ നിരോധനത്തിന് ശേഷം തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്. സംഭവം നടന്നതിന്റെ തൊട്ടടുത്ത് ബിപിസിഎല്ലിന്റെ ഓയിൽ ടാങ്ക് ഉള്ളത് ഗൗരവതരമാണ്. സ്‌ഫോടനമുണ്ടായിരുന്നെങ്കിൽ വലിയ വില നൽകേണ്ടി വരുമായിരുന്നു. ഇതിന് പിന്നിൽ ആരെല്ലാമുണ്ടെന്ന സത്യം പുറത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ അന്വേഷണം വോട്ട് ബാങ്ക് താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ നിൽക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയും പാർട്ടിയും മതഭീകരവാദികളുമായി സൗഹൃദത്തിലാണ്. പിഎഫ്‌ഐ അണികളെ തങ്ങളുടെ പാർട്ടിയിൽ ചേർക്കാൻ രണ്ട് മുന്നണികളും ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനം വലിയ കടക്കെണിയിലും വിലകയറ്റത്തിലും പൊറുതിമുട്ടി നിൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോവുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരള സഭ ഏട്ടിലെ പശുവാണ്. അതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ല. ലോക കേരള സഭ കൊണ്ട് ഇതുവരെ ഒരു നിക്ഷേപവും സംസ്ഥാനത്തേക്ക് വന്നിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്രയും വലിയ സമ്മേളനങ്ങൾ വർഷങ്ങളായി നടന്നിട്ടും കേരളത്തിൽ സംരഭം ആരംഭിക്കാൻ ആരും തയ്യാറായിട്ടില്ല. എന്നാൽ ഇതിന് വേണ്ടി സർക്കാർ ഖജനാവിൽ നിന്നും കോടികളാണ് പൊടിച്ചത്. വിദേശ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മന്ത്രിമാരും പോവുന്നത് ജനങ്ങൾക്ക് ഇരുട്ടടിയാണ്. ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിക്കുകയാണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നികുതി വർദ്ധനവിൽ ജനങ്ങൾക്ക് രക്ഷയില്ല. ഭൂനികുതി, വെള്ളക്കരം, വൈദ്യുതിചാർജ്, ഇന്ധന നികുതി തുടങ്ങിയവയെല്ലാം ജനങ്ങളുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. ജനവിരുദ്ധ യാത്രയിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പിൻമാറണം. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post