തിരുവനന്തപുരം: ഖജനാവിലെ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയ ക്ഷേമ പെൻഷൻ വിഷുവിന് ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒരുമിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി 1871 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
ഏപ്രിൽ പത്താം തീയതി മുതൽ തുക വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതോടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണവും മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്തുവന്നിരുന്നു. പൊതുഖജനാവിൽ നിന്ന് വിതരണം ചെയ്യുന്ന ക്ഷേമ പെൻഷൻ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനായി വിഷുക്കൈനീട്ടം എന്ന പേരിലാണ് സർക്കാർ വിതരണം ചെയ്യുന്നത്.
നേരത്തെയും ഉത്സവ സമയത്ത് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്തിരുന്നു. അന്നും സമാനമായ രീതിയിൽ ചിത്രമെടുത്ത് പ്രചരിപ്പിച്ചും മറ്റും രാഷ്ട്രീയനേട്ടമുണ്ടാക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ ഇതിന് ശേഷം പെൻഷൻ വിതരണം പലപ്പോഴും മുടങ്ങുന്നതും വാർത്തയായിരുന്നു.
60 ലക്ഷത്തിലധികം പേർക്ക് പെൻഷൻ നൽകുന്നുണ്ടെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്.
Discussion about this post