ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുലും കോൺഗ്രസും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌ന പരിഹാരങ്ങൾ ജനാധിപത്യത്തിനായുള്ള പോരാട്ടമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് പാർട്ടി അധഃപതിക്കുകയാണ്. മാനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം രാഹുലിന് വീരപരിവേഷം നൽകാനാണ് ചിലരുടെ നീക്കം. ഇതിനായി സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് , സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ജുഡീഷ്യറിയെ പോലും കോൺഗ്രസ് സമ്മർദ്ദത്തിലാക്കുകയാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ലോക്സഭ അംഗത്വത്തിൽ നിന്ന് ഒരാളെ അയോഗ്യനാക്കുന്നത് ഇതാദ്യമല്ല. എന്നാൽ അയോഗ്യതയെച്ചൊല്ലി നടക്കുന്ന പ്രതിഷേധം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഒരു പ്രത്യയശാസ്ത്രവും അവശേഷിക്കുന്നില്ല. ഈ കോൺഗ്രസിന് ഇപ്പോൾ രാജ്യദ്രോഹിയുടെ ഒരു പ്രത്യയശാസ്ത്രം മാത്രമേ അവശേഷിക്കുന്നുള്ളൂ, രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രം.രാജ്യത്തെ തകർക്കാനാണ് ഇവരുടെ നീക്കമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
താൻ ഗാന്ധിയാണെന്നും ഗാന്ധി മാപ്പ് പറയില്ലെന്നുമുളള രാഹുലിന്റെ പ്രസ്തവന അത്ഭുതപ്പെടുത്തുന്നതാണ്. ഗാന്ധി കുടുംബത്തിന് പ്രത്യേകം നിയമം വേണമെന്ന് വരെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറയുകയുണ്ടായി.ചിലർ ഒന്നാംകിട പൗരന്മാരും മറ്റുളളവർ മൂന്നാം കിടക്കാരുമാണെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ആശയങ്ങൾ ദേശവിരുദ്ധമാണ്. മാപ്പ് പറയുന്നത്് കുറച്ചിലല്ല. എന്നാൽ തങ്ങൾ എല്ലാവർക്കും മുകളിലാണെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി
Discussion about this post