കൊച്ചി: സ്വർണവിലയിൽ നേരിയ കുറവ്. പവന് 280 രൂപ കുറഞ്ഞ് 44,720 രൂപയിലാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5590 രൂപയായി. സംസ്ഥാനത്ത് സ്വർണവില ഇന്നലെ സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു. 45,000 രൂപയായിരുന്നു പവന് വില. രണ്ട് ദിവസം മുൻപ് പവന് 44,420 രൂപയായിരുന്നു വില. ഇതും റെക്കോർഡ് വിലയായിരുന്നു. ഇതിനേയും മറികടന്നാണ് സ്വർണവില ഇന്നലെ 45,000ത്തിൽ എത്തിയത്.
രാജ്യാന്തര വിപണിയിൽ സ്വർണവില കുതിപ്പ് തുടരുന്നതോടെയാണ് സംസ്ഥാനത്തും വലിയ വില വർദ്ധന ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണവിലയിൽ നേരിയ തോതിലുള്ള തിരുത്തലുകൾ വന്നപ്പോൾ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതോടെ സ്വർണ ഡിമാൻഡ് ഉയർന്നതാണ് വില ഉയരാൻ കാരണം. കേന്ദ്രബാങ്കുകളുടേയും വൻകിട നിക്ഷേപകരുടേയും വാങ്ങൽ തുടർന്നാൽ വില വരും ആഴ്ചകളിലും വലിയ തോതിൽ വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post