ന്യൂഡൽഹി : കോവിഡ് കാലത്തിനു ശേഷം വിനോദ സഞ്ചാരത്തിൽ രാജ്യത്ത് വൻ മുന്നേറ്റം. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞവർഷം ഉണ്ടായതെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. 6.19 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് 2022 ൽ ഇന്ത്യ സന്ദർശിച്ചത്.
കോവിഡിനു മുൻപുള്ള കാലത്തേക്കാൾ കുറവാണെങ്കിലും 2021 നേക്കാൾ 1.52 ദശലക്ഷം പേരാണ് അധികമായി ഈ വർഷം വന്നത്. വിനോദ സഞ്ചാരം വഴിയുള്ള വരുമാനത്തിലും വൻ മുന്നേറ്റം സാദ്ധ്യമായി. 2021ൽ അറുപത്തയ്യായിരം കോടിയുടെ വരുമാനം വിനോദ സഞ്ചാരത്തിലൂടെ ലഭ്യമായപ്പോൾ 2022 ൽ അത് ഇരട്ടിയായി. ഒരു ലക്ഷത്തി മുപ്പത്തിനാലായിരം കോടിയുടെ വരുമാനമാണ് കഴിഞ്ഞ വർഷം രാജ്യത്തിന് ലഭിച്ചത്.
കേന്ദ്രസർക്കാർ പദ്ധതികളായ സ്വദേശ് ദർശൻ, പ്രസാദ് തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാന സർക്കാരുകൾക്ക് ടൂറിസം വികസനത്തിന് പണം അനുവദിച്ചത് വലിയ മാറ്റമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതോടെ വിനോദ സഞ്ചാര മേഖലയിൽ ഉണർവ്വ് സാദ്ധ്യമായി.
വിദേശ വിനോദ സഞ്ചാരികൾക്കായി 12 ഭാഷയിൽ 24 മണിക്കൂറും ലഭ്യമായ ഹെൽപ്‌ലൈൻ സ്ഥാപിച്ചതും ഗുണമായെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് 55 കേന്ദ്രങ്ങളിൽ ജി 20 യുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ നടക്കുകയാണ്. ഈ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംവിധാനങ്ങൾ ലഭ്യമാക്കിയതും വൻ മുന്നേറ്റത്തിനു കാരണമായെന്ന് കിഷൻ റെഡ്ഡി വ്യക്തമാക്കി.









