ബംഗളൂരു: ഭർത്താവ് ചോക്കളേറ്റ് കൊണ്ടുവന്നില്ലെന്ന കാരണത്തിന്റെ പേരിൽ ഇരുപത്തിയഞ്ചുകാരിയായ ഭാര്യ ജീവനൊടുക്കി. കർണാടക സ്വദേശിനിയായ നന്ദിനി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന കുറിപ്പും ഇവർ എഴുതിവച്ചിട്ടുണ്ട്. സലൂണിലെ ജോലിക്കാരാണ് ഗൗതമും ഭാര്യ നന്ദിനിയും. കോളേജ് കാലം മുതൽ പരിചയമുളള ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.
സംഭവദിവസം രാവിലെ ഗൗതമും നന്ദിനിയുമായി വഴക്ക് ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വരുമ്പോൾ ചോക്കളേറ്റ് കൊണ്ടുവരണമെന്ന് നന്ദിനി ആവശ്യപ്പെട്ടു. കൊണ്ടുവരാമെന്ന് ഗൗതം ഉറപ്പ് നൽകുകയും ചെയ്തു. പിന്നീട് വീട്ടിൽ നിന്ന് പോയ ഗൗതം നന്ദിനിയുടെ ഫോൺ കോളുകൾ എടുത്തില്ലെന്നാണ് പോലീസ് പറയുന്നത്.
രാത്രി 11.45ഓടെ നന്ദിനി ഗൗതമിന് വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ അയച്ചു. താൻ പോവുകയാണെന്നും മക്കൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകണമെന്നും, അവരെ നന്നായി നോക്കണമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇതു കണ്ട് പേടിച്ച ഗൗതം ഉടൻ തന്നെ നന്ദിനിയെ തിരികെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് വീട്ടിൽ എത്തിയപ്പോൾ നന്ദിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഹെന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post