മലപ്പുറം: മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട. ദുബായിൽ നിന്നും പാഴ്സലായി പാഴ്സലായി എത്തിയ 6.3 കിലോ സ്വർണ്ണം ഡിആർഐ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ മൂന്ന് പേർ കസ്റ്റഡിയിലുണ്ട്.
ദുബായിൽ നിന്നും മലപ്പുറം മുനിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വർണം അയച്ചത്. തേപ്പുപെട്ടി അടക്കം വിവിധ ഉപകരണങ്ങളുടെ ഇടയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞാണ് സ്വർണം പോസ്റ്റ് ഓഫീസിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ മുനിയൂരിലെത്തുകയും, സ്വർണം വാങ്ങാനെത്തിയ ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സ്വർണവും ഡിആർഐ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം. പിടികൂടിയവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്ത് ഇത് അപൂർവ്വമായിട്ടാണ് പാഴ്സൽ വഴി സ്വർണം കടത്തുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിലേക്ക് സംഘങ്ങൾ തിരിഞ്ഞതെന്നും ഡിആർഐ അറിയിച്ചു.
Discussion about this post