ന്യൂഡൽഹി: ഡൽഹിയിൽ അയൽവാസിയുടെ വെടിയേറ്റ് ഗർഭിണിക്ക് ദാരുണാന്ത്യം. അയൽവാസിയുടെ വെടിയേറ്റ രഞ്ജു എന്ന 30കാരിയാണ് കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ അയൽവാസിയായ ഹരീഷാണ് വെടിവച്ചത്. ഔട്ടർ ഡൽഹിയിലെ സിരാസ്പൂരിൽ ഈ മാസം മൂന്നാം തിയതിയാണ് ദാരുണസംഭവം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രഞ്ജു ഇന്നലെയാണ് മരിക്കുന്നത്. വെടിയേറ്റ് രഞ്ജുവിന്റെ ഗർഭം അലസിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹരീഷിനേയും ഹരീഷിന്റെ സുഹൃത്ത് അമിത്തിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹരീഷിന്റെ വീട്ടിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി ഡിജെ സംംഘടിപ്പിച്ചിരുന്നു. ഇതിനിടെ രഞ്ജു ഹരീഷിനോട് പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് ഇയാൾ അമിതിന്റെ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് യുവതിയെ വെടിവയ്ക്കുന്നത്. കഴുത്തിന് വെടിയേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദൃക്‌സക്ഷികളുടെ അടക്കം മൊഴി രേഖപ്പെടുത്തിയാണ് ഹരീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളായ രഞ്ജുവും ഭർത്താവും ഇവിടെ വാടകയ്ക്കാണ് താമസിച്ച് വന്നിരുന്നത്.










