ന്യൂഡൽഹി; റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ.യുക്രെയ്ൻ ഉപവിദേശകാര്യ മന്ത്രി എമിനി ഡി സാപറോവയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം കൂടിയേ തീരുവെന്ന് വ്യക്തമാക്കിയത്.വസുധൈവ കുടുംബകം എന്ന ജി-20 യുടെ മുദ്രാവാക്യം യാഥാർത്ഥ്യമാവണമെങ്കിൽ, യുദ്ധം തടയാൻ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് യുക്രെയ്ൻ ഉന്നതമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടുന്നത് ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ വലിയ ചുവടുവയ്പ്പാകുമെന്നും അവർ വ്യക്തമാക്കി.
ഇന്ത്യ ആഗോളതലത്തിൽ വലിയ പങ്കുവഹിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുക്രെയ്‌നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യുക്രെയ്ൻ പ്രസിഡന്റും നരേന്ദ്രമോദിയും തമ്മിൽ ഒരു ടെലിഫോൺ സംഭാഷണത്തിന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഇന്ത്യ ജി-20 പ്രസിഡന്റും ആഗോള നേതാവുമാണ്. അനിഷേധ്യശക്തിയായ ഇന്ത്യക്ക് സഹായിക്കാനാവുമെന്നും അവർ വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ യുക്രെയ്‌നിലേക്ക് ക്ഷണിച്ച് പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമാക്കുമായി ചർച്ച ചെയ്യാനുള്ള നീക്കങ്ങളും ഉണ്ടെന്ന് മന്ത്രി തുറന്നുപറഞ്ഞു.യുദ്ധാനന്തര പുനർനിർമ്മാണ പ്രക്രിയയിൽ പങ്കെടുക്കാൻ ഇന്ത്യയെയും യുക്രെയ്ൻ ക്ഷണിച്ചു.








