മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ സജീവമാക്കി മുംബൈയിലെ ആശുപത്രികളും. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും മാസ്‌ക് നിർബന്ധമാക്കാനാണ് നിർദ്ദേശം. സർക്കാർ നിയന്ത്രണത്തിലുളള ആശുപത്രികൾക്കാണ് നിർദ്ദേശം തൽക്കാലം ബാധകം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമാണ് നിർദ്ദേശമെന്നും മുൻസിപ്പൽ കോർപ്പറേഷൻ വിശദീകരിച്ചു.
60 വയസിന് മുകളിലുളളവർ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. എന്നാൽ ഇവർക്ക് മാസ്‌ക് നിർബന്ധമാക്കിയിട്ടില്ല. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്ന സ്ഥലങ്ങളിൽ ഒന്നാണ് മുംബൈ.
തമിഴ്‌നാട് ആരോഗ്യവിഭാഗം ഏപ്രിൽ ഒന്ന് മുതൽ ചെന്നൈയിലെയും കോയമ്പത്തൂരിലെയും ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കിയിരുന്നു.









