ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ആഴ്ച വയനാട്ടിൽ. ചൊവ്വാഴ്ച അദ്ദേഹം വയനാട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് സ്വന്തം മണ്ഡലമായ വയനാട്ടിൽ രാഹുൽ എത്തുന്നത്.
വയനാട്ടിൽ എത്തുന്ന മുൻ എംപിയ്ക്ക് വമ്പിച്ച സ്വീകരണം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. ഇവിടെ സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്യും.
സഹോദരി പ്രിയങ്കാ വാദ്രയ്‌ക്കൊപ്പമാണ് രാഹുൽ ഇക്കുറി വയനാട്ടിൽ എത്തുന്നത്. 2019 ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു പ്രിയങ്കാ വാദ്ര ഇവിടെ അവസാനമായി എത്തിയത്. കണ്ണൂർ വിമാനത്താവളത്തിലാണ് ഇരുവരും വിമാനമിറങ്ങുക. ഇവിടെ നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കൽപ്പറ്റയിലെതത്തും. ഇവിടെയാണ് റോഡ് ഷോ. ഇതിന് ശേഷം വൈകീട്ട് നാല് മണിയോടെ പാർട്ടി പരിപാടിയിൽ പങ്കെടുക്കും.
അടുത്തിടെ കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ തിടുക്കപ്പെട്ടുള്ള വയനാട് യാത്ര. എം.പിയായിരിക്കുമ്പോൾ സ്വന്തം മണ്ഡലത്തിൽ രാഹുൽ എത്തിയ വിരലിലെണ്ണാവുന്ന തവണ മാത്രമാണ്.
അതേസമയം അപകീർത്തി കേസിലെ വിധിയ്‌ക്കെതിരെ രാഹുൽ നൽകിയ പുന:പരിശോധനാ ഹർജി മറ്റെന്നാൾ സൂറത്ത് കോടതി പരിഗണിക്കും.








