തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാപുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാണ് ആവശ്യം. അടുത്ത ബന്ധുക്കളുടെ നിലപാട് കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നാണ് ആരോഗ്യമന്ത്രിക്ക് അയച്ച കത്തിൽ സഹോദരൻ കുറ്റപ്പെടുത്തുന്നത്.
ബാംഗ്ലൂർ എച്ച്സിജി ആശുപത്രിയിലാണ് നിലവിൽ ഉമ്മൻചാണ്ടി ചികിത്സ തുടരുന്നത്. ഈ ആശുപത്രിയുമായി സർക്കാരിന്റെ മെഡിക്കൽ ബോർഡ് ബന്ധപ്പെടണമെന്നും ഉമ്മൻചാണ്ടിയുടെ ഓരോ ദിവസത്തേയും ആരോഗ്യ പുരോഗതി മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അറിയിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുക്കണമെന്നുമാണ് അലക്സ് വി ചാണ്ടി കത്തിൽ ആവശ്യപ്പെട്ടത്.
ഉമ്മൻചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് കാട്ടി ഇളയ സഹോദരനായ അലക്സ് വി ചാണ്ടി നേരത്തേയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post