ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ഇന്ത്യയെ ആത്മനിർഭർ ആക്കി കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ). ഏറ്റവും വലുതും ഭാരമേറിയതുമായ രണ്ട് റോക്കറ്റുകൾ അടുത്തിടെ റെക്കോർഡ് സമയത്തിനുള്ളിലാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. ആദ്യത്തേത് 2022 ഒക്ടോബർ 23നും രണ്ടാമത്തേത് ഈ വർഷം മാർച്ച് 26നുമാണ് വിക്ഷേപണം നടത്തിയത്. ഐഎസ്ആർഒയ്ക്ക് ലഭിച്ച കൊമേഷ്യൽ അസൈൻമെന്റുകളായിരുന്നു ഇവ രണ്ടും. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺവെബ്ബിന്റെ 72 ഉപഗ്രഹങ്ങളാണ് എൽവിഎം3 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോസിനായിരുന്നു വൺവെബ്ബ് അവരുടെ പ്രൊജക്ടുകൾ നേരത്തെ നൽകിക്കൊണ്ടിരുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അവരുടെ പ്രൊജക്ടുകൾക്ക് പിന്തുണ തേടി വൺവെബ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. രാജ്യത്തെ ബഹിരാകാശ വകുപ്പ് കൈകാര്യം ചെയ്യുന്നതും പ്രധാനമന്ത്രിയാണ്. രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്വ്യവസ്ഥയ്ക്ക് ഏറെ മികച്ച അവസരമായിട്ടാണ് പ്രധാനമന്ത്രി ഇതിനെ കണ്ടത്. എന്നാൽ ഇതിനിടെ നിരവധി തിരിച്ചടികൾ ഉണ്ടായി. ഇതിനെയൊക്കെ മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വൺവെബ്ബ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറയുന്നു.
വാണിജ്യ വിക്ഷേപണങ്ങൾക്ക് എൽവിഎം 3 റോക്കറ്റുകൾ ലഭ്യമാക്കുന്നതിലും, 72 വൺവെബ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള അവസരം ലഭിച്ചതിലും പ്രധാനമന്ത്രിയ്ക്കുള്ള പങ്ക് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥും എടുത്ത് പറയുന്നു. വാണിജ്യദൗത്യങ്ങൾ നടത്താനുള്ള അനുമതികളും നിരവധി പ്രക്രിയകളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനുള്ള അനുമതി അതവേഗം ലഭിച്ചതിന് പിന്നിലും പ്രധാനമന്ത്രിയുടെ പിന്തുണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സിറ്റി ഗ്രൂപ്പിന്റെ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം ഐഎസ്ആർഒയുടെ വാർഷിക വരുമാനം 2040ഓടെ 1 ട്രില്യൺ ഡോളറിലെത്തും. ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിന് നിർണായക സംഭാവന നൽകാൻ പോകുന്നത് ഐഎസ്ആർഒ ആയിരിക്കുമെന്നാണ് വിലയിരുത്തൽ. വൺവെബ് പ്രോജക്ടിൽ നിന്ന് ഐഎസ്ആർഒ 137 മില്യൺ ഡോളറാണ് നേടിയത്. ഭാവിയിൽ ഐഎസ്ആർഒയ്ക്ക് മുന്നിലേക്ക് അവസരങ്ങളുടെ നീണ്ട നിരയാണ് എത്താൻ പോകുന്നതെന്നാണ് സുനിൽ ഭാരതി മിത്തൽ പറയുന്നത്. വിക്ഷേപണ വ്യവസായ മേഖലയിൽ സ്പേസ് എക്സിന്റെ മുൻനിര എതിരാളിയാകാൻ ഇന്ത്യയുടെ ഐഎസ്ആർഒയ്ക്ക് സാധിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങളെ അനുസരിച്ചാണ് നിലവിൽ ഐഎസ്ആർഒയുടെ റോക്കറ്റുകൾ നിർമ്മിക്കുന്നതും അസൈൻ ചെയ്യുന്നതും. വാണിജ്യ അടിസ്ഥാനത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ റോക്കറ്റുകൾ അസൈൻ ചെയ്യുന്നത് ഐഎസ്ആർഒയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഇത്തരം വെല്ലുവിളികളെ ചുരുങ്ങിയ സമയത്തനുള്ളിൽ തന്നെ മറികടക്കാൻ കഴിയുന്നു എന്നതാണ് ഐഎസ്ആർഒയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കുന്നത്.
ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾക്ക് ശേഷം ചന്ദ്രനിൽ കൂടുതൽ പഠനം നടത്താൻ സഹായിക്കുന്ന ലാൻഡ്-റോവർ മൂൺ മിഷൻ ആണ് ഐഎസ്ആർഒ പ്രധാനമായി കാണുന്ന അടുത്ത പദ്ധതി. ജാപ്പനീസ് ബഹിരാകാശ ഏജൻസിയുമായി ചേർന്നാണ് ഇവിടെ ഐഎസ്ആർഒയുടെ പ്രവർത്തനം. ഇന്ത്യൻ സൈന്യത്തിന്റെ ആശയവിനിമയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം അടുത്തിടെ ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ എൻഎസ്‌ഐഎല്ലുമായി കരാർ ഒപ്പിട്ടിരുന്നു. ജിസാറ്റ് 7ബി ആണ് ഇന്ത്യൻ സൈന്യത്തിന് ആശയവിനിമയത്തിന് സഹായമേകാൻ ഐഎസ്ആർഒ ഒരുക്കുന്നത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഈ ഉപഗ്രഹം വഴി സൈനികർക്ക് വിമാനങ്ങൾക്കുള്ളിലെ തന്ത്രപരമായ ആശയവിനിമയത്തിന് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post