കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീയിട്ട പ്രതി ഷാരൂഖ് സെയ്ഫി ആക്രമണശേഷം വസ്ത്രം മാറി. ആക്രമണസമയത്ത് ഷാരൂഖ് ധരിച്ചിരുന്നത് ചുവന്ന ഷർട്ട് ആണെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. കണ്ണൂരിൽ ഇറങ്ങുമ്പോൾ ഷാരൂഖ് ധരിച്ചത് മറ്റൊരു വസ്ത്രമാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ബാഗ് നഷ്ടപ്പെട്ടിട്ടും എങ്ങനെ വസ്ത്രം മാറി എന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ട്രെയിനിൽ ആക്രമണം നടത്തിയ ശേഷം രക്ഷപെടാൻ പ്രതിയെ സഹായിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രവേശന കവാടത്തിന് അടുത്തുള്ള കടയിൽ നിന്ന് ഷാരൂഖ് സെയ്ഫി ചായയും കേക്കും കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. നീല ജീൻസും ഇരുണ്ട മെറൂൺ ഷർട്ടുമാണ് ഇതിൽ പ്രതിയുടെ വേഷം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് പിടിയിലാകുമ്പോഴും ഷാരൂഖ് ഇതേ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
ഷാരൂഖിനെ ഡൽഹിയിൽ നിന്ന് കാണാതാകുമ്പോൾ ചുവന്ന ഷർട്ടും നീല ജീൻസുമായിരുന്നു വേഷം എന്നാണ് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. ചുവന്ന ഷർട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികളുടേയും മൊഴി. ഇതോടെയാണ് ആക്രമണശേഷം പ്രതി വസ്ത്രം മാറിയെന്ന കാര്യം ഉറപ്പിച്ചത്. ആക്രമണത്തിന് മുൻപും ശേഷവും പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post