തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ സീക്രട്ട് സെക്ഷനിൽ സർവീസ് രേഖകളിൽ തിരിമറി നടത്തി സ്ഥാനക്കയറ്റം സംഘടിപ്പിച്ച ഏഴ് ഇൻസ്‌പെക്ടർമാരെ എസ്‌ഐമാരായി തരം താഴ്ത്താൻ ഡിജിപി അനിൽകാന്ത് സർക്കാരിന് റിപ്പോർട്ട് നൽകി. 2020-21 സമയത്ത് വകുപ്പുതല സ്ഥാനക്കയറ്റ സമിതി മുൻപാകെ ഹാജരാകാൻ നൽകിയ ഉദ്യോഗസ്ഥരുടെ സർവീസ് രേഖകളിലാണ് ക്രമക്കേട് നടത്തിയത്. പോലീസ് ആസ്ഥാനത്തെ സീക്രട്ട് സെക്ഷനിലെ ജൂനിയർ സൂപ്രണ്ട്, എൽഡി ക്ലാർക്ക് എന്നിവരാണ് ഇതിന് പിന്നിലെന്നും കണ്ടെത്തി. ഇതിലൊരാൾ ഭരണകക്ഷി സംഘടനയുടെ നേതാവാണ്. ഇരുവരേയും പോലീസ് ആസ്ഥാനത്ത് നിന്ന് സ്ഥലം മാറ്റിയിരുന്നു.
ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്ത് പോലീസ് ആസ്ഥാനത്തെ എസ്റ്റാബ്ലിഷ്‌മെന്റ് ഡിഐജിയെ ഈ ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം സീക്രട്ട് സെക്ഷനിലെ ജൂനിയർ സൂപ്രണ്ടിനെ ചുമതല ഏൽപ്പിച്ചിരുന്നു. ഈ സമയത്താണ് വകുപ്പുതല നടപടി നേരിട്ടവരും കേസ് ഉള്ളവരും സ്ഥാനക്കയറ്റം സംഘടിപ്പിച്ചത്. അനർഹർ സ്ഥാനക്കയറ്റം സംഘടിപ്പിച്ചപ്പോൾ പട്ടികയിലെ അർഹരായ പലരും പുറത്തായി.
മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് അന്വേഷണം നടത്താൻ ഡിജിപിയോട് ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനർഹരായ ഏഴ് പേർ സ്ഥാനക്കയറ്റം സംഘടിപ്പിച്ചത് കണ്ടെത്തിയത്.
Discussion about this post