ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. പ്രതിദിന കേസുകൾ 5,000 പിന്നിട്ട് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. 2022 ഓഗസ്റ്റ് 25ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കേരളത്തിലും ഡൽഹിയിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും വലിയ തോതിൽ കേസുകൾ ഉയരുകയാണ്.
കഴിഞ്ഞ ദിവസം 10,168 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 15 മരണങ്ങളും സംഭവിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 47,000 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 80 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 85 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ആഴ്ചയിലെ 3.22ൽ നിന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനമായി ഉയർന്നു.
കേരളത്തിൽ കഴിഞ്ഞ ദിവസം 3,420 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2022 ജൂലൈ 13ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ ആയിരം കടന്നിട്ടുണ്ട്. അതേസമയം ഗോവയിലും ഗുജറാത്തിലും കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാര്യമായ വർദ്ധനവില്ല.
ഒഡിഷ, ബിഹാർ, ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണ്.
Discussion about this post