ചെന്നൈ: തമിഴ്‌നാട്ടിൽ ആർഎസ്എസിന്റെ പഥ സഞ്ചലനം ഞായറാഴ്ച. അന്നേ ദിവസം പഥ സഞ്ചലനം നടത്താനാണ് തമിഴ്‌നാട് പോലീസ് അനുമതി നൽകിയിട്ടുള്ളത്. സർക്കാരിന്റെ എതിർപ്പിന് മറുപടിയായി സംസ്ഥാനത്തെ 45 ഇടങ്ങളിലാണ് കരുത്ത് കാട്ടി ആർഎസ്എസ് പ്രവർത്തകർ അണിനിരക്കുക.
സുപ്രീം കോടതി അനുകൂല വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ഇതിന്റെ വിധി പകർപ്പുമായി അനുമതി ആവശ്യപ്പെട്ട് ആർഎസ്എസ് ഡിജിപിയെ സമീപിക്കുകയായിരുന്നു. 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ ഒന്നിൽ പഥ സഞ്ചലനം നടത്താൻ അനുമതി വേണമെന്ന് ആയിരുന്നു ആർഎസ്എസിന്റെ ആവശ്യം. ഇതോടെ ഞായറാഴ്ച റൂട്ട് മാർച്ച് നടത്താൻ അനുവദിക്കുകയായിരുന്നു.
ചെന്നൈ, ഊരപ്പാക്കം, തിരുവള്ളൂർ, ആരക്കോണം, ചെങ്കൽപേട്ട്, കാഞ്ചീപുരം, ആരണി, തിരുവണ്ണാമലൈ, അമ്പൂർ, വെല്ലൂർ, ധർമ്മപുരി, ഹൊസുർ, അത്തൂർ, സേലം, നാമക്കൽ, ഗോപിച്ചെട്ടിപ്പാളയം, നീലഗിരി, ഗൂഡല്ലൂർ, മേട്ടുപ്പാളയം, കോയമ്പത്തൂർ, പല്ലടം, കരൂർ, പൊള്ളാച്ചി, മുഴനൂർ, പഴനി, ചിന്നമണൂർ, അമ്പാസമുദ്രം, തെങ്കാശി, നാഗർകോവിൽ, കന്യാകുമാരി, ആൽവർതിരുനഗരി, തൂത്തുക്കുടി, ശ്രിവില്ലിപുത്തൂർ, രാമനാഥപുരം, അരൻത്താങ്കി, തിരുമംഗലം, മധുരൈ, തിരുപ്പൂർ, അരിയലൂർ, ഗന്ധവംകോട്ടൈ, ശിവഗംഗ, പട്ടുക്കോട്ടായി, കുംഭകോണം, വേദനാരണ്യം, വില്ലുപുരം എന്നി നഗരങ്ങളിലാണ് പഥ സഞ്ചലനം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 2 ന് നടത്തേണ്ടിയിരുന്ന പഥ സഞ്ചലനമാണ് ഞായറാഴ്ച നടക്കുന്നത്. വിജയദശമി ദിനത്തിൽ പഥ സഞ്ചലനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഡിഎംകെ സർക്കാർ എതിർപ്പുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പഥ സഞ്ചലനത്തെ സർക്കാർ എതിർത്തത്. പഥ സഞ്ചലനം നടത്തുന്നത് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഈ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി പഥ സഞ്ചലനത്തിനായി അനുമതി നൽകി. ഇതിന് പിന്നാലെ സർക്കാർ സുപ്രീംകോടതിയെ ഹർജിയുമായി സമീപിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഇതിൽ ആർഎസ്എസിന് അനുകൂലമായി സുപ്രീംകോടതി വിധി പറഞ്ഞത്. പഥ സഞ്ചലനത്തിനായി മൂന്ന് തിയതികൾ നിശ്ചയിച്ച് പോലീസിൽ നിന്ന് അനുമതി വാങ്ങാൻ അന്ന് കോടതി ആർഎസ്എസിന് നിർദ്ദേശം നൽകിയിരുന്നു.
ജസ്റ്റിസ്മാരായ വി. രാമസുബ്രമണ്യം, പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സർക്കാരിന്റെ ഹർജി ലഭിച്ചതിന് പിന്നാലെ സംഭവത്തിൽ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോടും പോലീസിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പോലീസ് നൽകിയ റിപ്പോർട്ടിൽ അക്രമകാരികൾ എന്ന പേരിൽ ആർഎസ്എസുകാരുടെ പേര് വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പരിശോധിച്ച കോടതി സർക്കാരും പോലീസും ഉയർത്തുന്ന വാദങ്ങളിൽ കഴമ്പില്ലെന്ന് നിരീക്ഷിക്കുകയായിരുന്നു. മാത്രമല്ല പോലീസ് നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആർഎസ്എസുകാർ നിരവധി അക്രമ സംഭവങ്ങളിൽ ഇരകളായവരാണെന്നും കോടതി കണ്ടെത്തി. ഇതോടെയായിരുന്നു ഹർജി തള്ളിയത്.
Discussion about this post