തിരുവനന്തപുരം: വന്ദേഭാരത് കേരളത്തിൽ എത്തിയതോടെ കെ-റെയിലിനായി അടിച്ച മഞ്ഞക്കല്ലുകൾ തുലഞ്ഞുപോയെന്ന് നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ എത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതാണ് ഏറ്റവും വലിയ ഐശ്വര്യമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരള സർക്കാർ ജനങ്ങളുടെ നെഞ്ചത്ത് അടിച്ച മഞ്ഞക്കല്ലുകൾ വന്ദേഭാരത് ട്രെയിൻ വന്നതോടെ തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയ ഐശ്വര്യം. അത്രയേയുള്ളൂ. ബാക്കിയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്തമംഗലത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെയാണ് കേന്ദ്രം അനുവദിച്ച ആദ്യ വന്ദേഭാരത് തീവണ്ടി സംസ്ഥാനത്ത് എത്തിയത്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ തീവണ്ടിയുടെ ആദ്യ സ്റ്റോപ്പ് ആയിരുന്നു പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേത്. ഇവിടെയെത്തിയ തീവണ്ടിയ്ക്ക് വൻ സ്വീകരണം ആയിരുന്നു ബിജെപി പ്രവർത്തകർ നൽകിയത്. ട്രെയിനിൽ പുഷ്പ വൃഷ്ടി നടത്തിയ പ്രവർത്തകർ ലോക്കോ പൈലറ്റിനെ ഹാരമണിഞ്ഞ് സ്വീകരിച്ചു. ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് തീവണ്ടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുക.












