ലഖ്നൗ: ഉത്തർപ്രദേശിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സാധാരണ ജനങ്ങൾക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടും ക്രിമിനലുകളായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അഖിലേഷിന്റെ പരാമർശം.
പോലീസ് സംരക്ഷണത്തിൽ തന്നെ കൊലപാതകം നടക്കുകയാണ്. സമൂഹത്തിൽ ഭയം പടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യം മന:പൂർവ്വം ഉണ്ടാക്കുകയാണെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.
സമാജ്‌വാദി പാർട്ടി മുൻ എം.പിയും കൊടും ക്രിമിനലുമായ അതീഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും ഇന്നലെയാണ് കൊല്ലപ്പെട്ടത്. മെഡിക്കൽ പരിശോധന കഴിഞ്ഞ് പോലീസ് ഇയാളെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു കൊലപാതകം. മൂന്ന് പേരാണ് കൊലപാതകം നടത്തിയത്. പ്രശസ്തിക്ക് വേണ്ടിയാണ് തങ്ങളിത് ചെയ്തതെന്ന് ഇവർ പോലീസിന് മൊഴി കൊടുത്തു.
നൂറിലധികം ക്രിമിനൽ കേസുകളിലും നിരവധി കൊലപാതകങ്ങളിലും പ്രതികളാണ് ആതിഖ് അഹമ്മദും സഹോദരനും. ആതിഖിന്റെ മകൻ അസദ് നേരത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 2005 ൽ ഇവർ കൊലപ്പെടുത്തിയ രാജു പാൽ കേസുമായി ബന്ധപ്പെട്ട് സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അതീഖ് കുടുംബം. കേസിൽ പ്രതിയായ അതീഖിന്റെ ഭാര്യ ഷായിസ്ത പർവീൺ ഒളിവിലാണ്.









