തൃശ്ശൂർ: നിയമ പോരാട്ടം നടത്തിലൂടെ അനുമതിവാങ്ങി പിതാവിന് കരൾ പകുത്തു നൽകിയ തൃശ്ശൂർ സ്വദേശിനി ദേവനന്ദയെ സന്ദർശിച്ച് നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. വിഷുക്കോടിയും കൈനീട്ടവും നൽകി. ഇന്ന് രാവിലെയാണ് അദ്ദേഹം ദേവനന്ദയുടെ വീട്ടിൽ എത്തിയത്.
അചഞ്ചലമായ പോരാട്ടത്തിലൂടെ പിതാവിന്റെ ജീവൻ രക്ഷിച്ച ദേവനന്ദയെ സുരേഷ് ഗോപി പൊന്നാട അണിയിച്ച് അഭിനന്ദിച്ചു. ഇതിന് ശേഷമാണ് വിഷു കൈനീട്ടവും കോടിയും കൈമാറിയത്. ജില്ല പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, തൃശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് ടോണി ചാക്കോള എന്നിവർ കൂടെ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു പിതാവിന് കരൾ നൽകാൻ ഹൈക്കോടതി ദേവനന്ദയ്ക്ക് അനുമതി നൽകിയത്. നിയമ പ്രകാരം അവയവ ദാനത്തിന് പ്രായപൂർത്തിയാകണം. ഇതാണ് ദേവനന്ദയെ നിയമപോരാട്ടത്തിലേക്ക് നയിച്ചത്. ഗുരുതര കരൾ രോഗം ബാധിച്ച പിതാവ് പ്രതീഷിന്റെ കരൾ മാറ്റിവയ്ക്കുക മാത്രമായിരുന്നു ഡോക്ടർമാർ നിർദ്ദേശിച്ച പോംവഴി. ഇതിനായി ദാതാവിനെ തപ്പി നടന്നെങ്കിലും പരിശോധനാ ഫലങ്ങൾ പ്രതിലൂകമാകുകയായിരുന്നു. ഇതേ തുടർന്ന് ദേവനന്ദയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാൽ ആശുപത്രി ഉണ്ടായേക്കാവുന്ന നിയമ തടസ്സത്തെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു.
Discussion about this post