ലക്നൗ : ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും ഇന്നലെ രാത്രിയാണ് അക്രമികൾ വെടിവെച്ച് കൊന്നത്. പ്രയാഗ് രാജിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കൂടിനിന്ന് മാദ്ധ്യമപ്രവർത്തകർക്കിടയിൽ നിന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യാൻ ആഗ്രഹിച്ചുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
കാസ്ഗഞ്ചിൽ നിന്നുള്ള അരുൺ കുമാർ മൗര്യ എന്ന കാലിയ, ബന്ദയിൽ നിന്നുള്ള ലവ്‌ലേഷ് തിവാരി, കാസ്ഗഞ്ചിൽ നിന്നുള്ള സണ്ണി സിംഗ് എന്ന മോഹിത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാജ പ്രസ് ഐഡിയും ഡമ്മി ക്യാമറയും മൈക്കുമായാണ് അക്രമികൾ എത്തിയത്. തുർക്കി നിർമ്മിതമായ സെമി ഓട്ടോമാറ്റിക് പിസ്റ്റളായ സിഗാന പിസ്റ്റൾ ഉപയോഗിച്ച് 22 സെക്കന്റിനുള്ളിലാണ് കൃത്യം നടത്തിയത്. എന്നാൽ ഈ കൊലയ്ക്ക് പിന്നിലെ കാരണം എന്തായിരുന്നു.
ലോകത്തെ ഏറ്റവും വലിയ കുറ്റകൃത്യം ചെയ്യുക എന്ന ആഗ്രഹമാണ് തങ്ങൾക്ക് അതീഖിനെ കൊല്ലാൻ പ്രചോദനം നൽകിയത് എന്ന് കുറ്റവാളികൾ പറഞ്ഞു. ഇതിനായി പ്രയാഗ് രാജിലെത്തിയ അക്രമികൾ രണ്ട് ദിവസം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് പ്രദേശം നിരീക്ഷിച്ചു. അതീഖ് അഹമ്മദും അഷ്‌റഫും മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങിയ നിമിഷം അക്രമികളിൽ ഒരാൾ മൈക്കും ക്യാമറയും ഉപേക്ഷിച്ച് പിസ്റ്റൾ എടുത്ത് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അതീഖിനും അഷ്റഫിനുമെതിരെ 15 ഓളം റൗണ്ട് വെടിയുതിർത്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും കൊല്ലപ്പെട്ടു. ആക്രമണത്തിനിടെ ഒരു കോൺസ്ററബിളിനും അക്രമിക്കും പരിക്കേറ്റു. മാദ്ധ്യമപ്രവർത്തകർക്കും നിസാര പരിക്കുണ്ട്. തുടർന്ന് അക്രമികൾ പിടികൊടുത്തു.
മൂന്ന് പ്രതികൾക്കെതിരെയും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഷൂട്ടർ അരുൺ ബാഗേല, പുഖ്ത ഗ്രാമത്തിലെ താമസക്കാരനാണ്. ജിആർപി സ്‌റ്റേഷനിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ശേഷമാണ് അരുൺ ഗ്രാമം വിട്ടത്. പതിനഞ്ച് വർഷം മുമ്പ് അവന്റെ മാതാപിതാക്കളും മരിച്ചു.
ഹാമിർപൂർ ജില്ലയിലെ കുരാര ടൗണിൽ താമസിക്കുന്നയാളാണ് ഷൂട്ടർ ഷാനി സിംഗ് എന്ന സണ്ണി. ഇയാൾക്കെതിരെ 15 കേസുകളുണ്ട്, കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ 10 വർഷമായി ഷൂട്ടർ സണ്ണി സിംഗ് തന്റെ വീട് സന്ദർശിച്ചിരുന്നില്ല. സണ്ണി സിംഗിന് മൂന്ന് സഹോദരന്മാരുണ്ടായിരുന്നു, അവരിൽ ഒരാൾ മരിച്ചു. മറ്റൊരു സഹോദരൻ പിന്റു സിംഗ് ചായക്കട നടത്തിവരികയാണ്.
കോട്‌വാലി നഗരത്തിലെ ക്യോത്ര പ്രദേശത്തെ താമസക്കാരനാണ് ലവ്‌ലേഷ് തിവാരി. 6 ദിവസം മുമ്പാണ് ഇയാൾ ബന്ദയിൽ എത്തിയത്. നേരത്തെ ഒരു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Discussion about this post