ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തന്നോട് സിബിഐ 56 ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കും താൻ കൃത്യമായി മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
9.5 മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. എല്ലാത്തിനും താൻ മറുപടി നൽകി. 56 ചോദ്യങ്ങളായിരുന്നു തന്നോട് ചോദിച്ചത്. മദ്യ നയ അഴിമതി കെട്ടിച്ചമച്ച കേസ് ആണ്. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിൽ. ബിജെപിയ്ക്ക് ആംആദ്മിയെ ഇല്ലാതാക്കണം. എന്നാൽ ഇതിന് സാധിക്കുമെന്ന് കരുതണ്ട. ഈ രാജ്യത്തെ ജനങ്ങൾ മുഴുവനും തങ്ങൾക്കൊപ്പമാണെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് സാദ്ധ്യതയില്ലെന്നും കെജ്രിവാൾ മറുപടി നൽകി.
ഞായറാഴ്ച രാവിലെയാണ് മദ്യ നയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജലിയിൽ അടച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് എന്നാണ് സൂചന.
ആംആദ്മി പ്രവർത്തകർക്കൊപ്പമായിരുന്നു കെജ്രിവാൾ ചോദ്യം ചെയ്യലിനായി എത്തിയത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ചോദ്യം ചെയ്യലിനെതിരെ പ്രവർത്തകർ സിബിഐ ആസ്ഥാനത്ത് പ്രതിഷേധിച്ചു.










