ഇസ്ലാമാബാദ് : ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന പാകിസ്താൻ എപ്പോൾ വേണമെങ്കിലും ലെബനൻ ആയി മാറാൻ സാധ്യതയുണ്ടെന്ന് പാക് മുൻ വക്താവ് സക്കീബ് ഷെരാനി. 2009 മുതൽ 2010 വരെ സാമ്പത്തിക മന്ത്രാലയത്തിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന ഷെരാനി രാജ്യത്തെ നിലവിലെ സാഹചര്യത്തെ ലെബനനുമായാണ് താരതമ്യം ചെയ്യുന്നത്. അഴിമതിയും ആഭ്യന്തര പ്രശ്നങ്ങളും കാരണം ലെബനനിലെ സമ്പദ് വ്യവസ്ഥ താറുമാറായിരിക്കുകയാണ്. ക്ഷാമം, സാമൂഹിക തകർച്ച, അരാജകത്വം, ആഭ്യന്തര യുദ്ധം എന്നിവയെല്ലാം കാരണം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്.
നിർഭാഗ്യവശാൽ പാകിസ്താനും ഇത്തരമൊരു സാഹചര്യത്തിലാണ് നിൽക്കുന്നത്. സാമ്പത്തിക തകർച്ചയും ദാരിദ്ര്യവും മൂലം രാജ്യത്തെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. എന്നാൽ ഉന്നതർ കൊള്ളയടിക്കുന്ന തിരക്കിലാണ്. ഡോണിലെ എഡിറ്റോറിയലിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
“സോംബി ബാങ്കുകളും സ്ഥാപനങ്ങളും പോലെ, ‘സോംബി’ രാജ്യങ്ങൾ ഉണ്ടാകുമോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. രാജ്യം തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന, സമ്പദ്‌വ്യവസ്ഥ തകർന്ന, വിദേശ കടങ്ങളും ബാധ്യതകളും നിറവേറ്റാൻ കഴിയാത്തതും, സൗഹൃദ രാജ്യങ്ങളുടെ സഹായത്തോടെയും അവരിൽ നിന്നുള്ള സേവനങ്ങളിലൂടെയും മാത്രം അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്ത് കഴിച്ചുകൂടുന്ന രാജ്യങ്ങളും ഉണ്ടാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്.
പാകിസ്താനിൽ പരമാധികാരവും സ്വാതന്ത്ര്യവുമുണ്ടെന്നത് കടലാസിൽ മാത്രമൊതുങ്ങിയിരിക്കുന്ന കാര്യമാണ്. അഴിമതിയിൽ മുങ്ങിനിൽക്കുന്ന സർക്കാരാണ് ഇവിടെയുളളത്. ഇതെല്ലാം അനുഭവിച്ച് മടുത്ത ജനങ്ങൾ നിക്ഷേപങ്ങൾ പോലും വിദേശരാജ്യങ്ങളിലാണ് ചെയ്യുന്നത്. പാകിസ്താനിൽ ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post