ലക്‌നൗ: ഗുണ്ടാസംഘത്തലവൻ അതീഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊന്ന മൂന്നംഗ ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ. ലൗലേഷ് തിവാരി, സണ്ണി സിംഗ്, അരുൺ മൗര്യ എന്നിവരാണ് അതീഖും സഹോദരനും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വന്ന് വെടിയുതിർത്തത്.
അക്രമികളിൽ ഒരാളായ സണ്ണി സിംഗ് ലോറൻസ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളും വീഡിയോകളും പതിവായി കണ്ടിരുന്നു. പിന്നാലെയാണ് ഇയാൾ അതീഖ് കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ബിഷ്ണോയിയുടെ സംഘാംഗങ്ങൾ ഗായകനായ സിദ്ദു മൂസവാലെയെ വെടിവെച്ചുകൊന്നിരുന്നു. ഇതുപോലെ വലിയ കൊലപാതകം നടത്തണമെന്നാണ് ഇവർ പദ്ധതി ഇട്ടത്. കൂട്ടത്തിലെ ഏറ്റവും അപകടകാരിയും സണ്ണി സിംഗ് ആണെന്നാണ് പോലീസ് പറയുന്നത്. സണ്ണി സിംഗ് തന്നെയാണ് മറ്റ് രണ്ട് പേരെയും കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതും.
ഇയാൾക്കെതിര പത്തിലധികം കേസുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തി. ഈ കൂട്ടത്തിലാണ് മൂന്ന് പേരും മാദ്ധ്യമപ്രവർത്തകരെന്ന വ്യാജേന നുഴഞ്ഞ് കയറിയത്. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ആദ്യം പ്രയാഗ്രാജിലെ നൈനി ജയിലിലേക്കാണ് എത്തിച്ചതെങ്കിലും സുരക്ഷാ കാരണങ്ങളാൽ പ്രതാപ്ഗഡ് ജയിലിലേക്ക് മാറ്റി.
Discussion about this post