ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും. അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടൻ വിജ്ഞാപനം പുറത്തിറക്കും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. സംസ്ഥാനാനന്തര ബന്ധവും തീവ്രവാദ സ്വാധീനവും എൻഐഎ വിശദമായി അന്വേഷിക്കും. നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. സംഭവത്തിൽ ഒരു സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ ഒരു അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അതേസമയം ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാൻ അന്വേഷണസംഘം അപേക്ഷ നൽകിയേക്കില്ല. ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഷാരൂഖ് സെയ്ഫി കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ യുഎപിഎ ചുമത്തിയിട്ടുള്ളതിനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാരൂഖിനെ ട്രെയിൻ ബോഗികളുള്ള കണ്ണൂരിലും പെട്രോൾ വാങ്ങിയ ഷൊർണൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഷാരൂഖിന് പ്രാദേശിക സഹായം ലഭിച്ചെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഷൊർണൂരിൽ നാല് പേരെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൃത്യം നടന്ന ദിവസം ഷാരൂഖ് ഉപയോഗിച്ച മൊബൈൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് നടത്തിയിട്ടുള്ള സുപ്രധാന കണ്ടെത്തലുകളും നിഗമനങ്ങളുമാണ് എൻഐഎ അന്വേഷണത്തിന് നിർണായകമായത്. കേസിൽ യുഎപിഎ നിലനിൽക്കുമെന്നും ഷാരുഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനാണെന്നും മതപരമായ തീവ്രനിലപാടുകളുടെ സ്വാധീനം ഇയാൾക്ക് മേലുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ആക്രമണം നടത്തിയിട്ടുള്ളത് എന്ന പൊലീസിന്റെ നിഗമനം കൂടി കണക്കിലെടുത്താണ് വിപുലമായ അന്വേഷണം നടത്താൻ എൻഐഎ തീരുമാനിച്ചത്.
Discussion about this post