മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ആപ്പിൾ റീട്ടെയിൽ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ സ്റ്റോർ തുറന്നത്. 20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ആണിത്. 20ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീം ആയിരിക്കും ആപ്പിൾ സ്റ്റോറിലുണ്ടാവുക. ആപ്പിളിന്റെ നിലവിൽ ലഭ്യമായ ഉത്പ്പന്നങ്ങളായ മാക്ബുക്കുകൾ, ഐഫോണുകൾ, ഐപാഡുകൾ, വാച്ചുകൾ എന്നിവ സ്റ്റോറിൽ ലഭ്യമാണ്.
വ്യത്യസ്തവും ആകർഷകവുമായ ഗ്ലാസ് ഔട്ട്ലുക്ക് ആണ് സ്റ്റോറിന് നൽകിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ചേർന്ന ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റോറിന്റെ ഡിസൈൻ. പുറംചുമരുകൾ മുഴുവനും ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഉയരമുള്ള സീലിങ്ങും തൂണുകളുമുള്ള വിശാലമായ സ്റ്റോറിനുള്ളിൽ സമാന്തരമായി ഡെസ്ക്കുകൾ ഒരുക്കിയിട്ടുണ്ട്. ഐ ഫോൺ ആക്സസറികൾ, മാക് ലാപ്ടോപുകൾ, ഡെസ്ക്ടോപുകൾ, മറ്റ് ആപ്പിൾ ഉത്പന്നങ്ങൾ എന്നിവയ്ക്കായി മുകൾനിലയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോം പാഡിനും ആപ്പിൾ ടിവി പ്ലസിനുമായി പ്രത്യേക വിഭാഗമുണ്ട്.
ത്രികോണാകൃതിയിലുള്ള ആയിരം മരപ്പാളികൾ കൊണ്ടാണ് സീലിംഗ് നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും കുറവ് ഊർജ ഉപഭോഗം സാധ്യമാകുന്ന ആപ്പിൾ സ്റ്റോറാണ് ഇതെന്നാണ് റിപ്പോർട്ട്. കാർബൺ ബഹിർഗമനം തീരെയില്ലാത്ത, നൂറ് ശതമാനം ഊർജ പുനരുപയോഗവും ബികെസിയിൽ സാധ്യമാകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
2020ലാണ് ഇന്ത്യയിലെ ആദ്യ ഓൺലൈൻ സ്റ്റോർ ആപ്പിൾ ആരംഭിച്ചത്. മുംബൈയിൽ സ്റ്റോർ തുറക്കുന്നതിന് പിന്നാലെ ഈ മാസം 20ന് ഡൽഹിയിലും ആപ്പിൾ സ്റ്റോർ തുറക്കും. ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ് ഇന്ത്യ. സമീപകാലത്തായി കമ്പനിയുടെ പ്രധാന ഐഫോണുകളുടെയെല്ലാം നിർമാണം ഇന്ത്യയിലെ നിർമാണ ശാലകളിലേക്ക് കമ്പനി മാറ്റിയിരുന്നു.
Discussion about this post