കോട്ടയം: മതന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിയ്ക്ക് ഇപ്പോൾ വ്യാപകമായ സ്വീകാര്യത ഉണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കോട്ടയത്തു ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട നൂറോളം കുടുംബങ്ങൾ ബിജെപി അംഗത്വം സ്വീകരിച്ച ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട പ്രമുഖ കുടുംബങ്ങളിൽ നിന്നും 80 ഓളം പേർ ബിജെപിയിൽ ചേർന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിനുശേഷം ബിജെപിയിലേക്ക് വ്യാപകമായി ഒഴുക്ക് ഉണ്ടാകുമെന്നും ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പിയിൽ ചേർക്കേണ്ടവരുടെ ലിസ്റ്റ് കേരളത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ അവരെ ബി ജെ പിയിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ വഴിത്തിരിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പാർട്ടികളിൽ നിരാശരായിട്ടുള്ളവരെയാണോ ബി ജെ പിയിലേക്ക് എത്തിക്കാൻ ശ്രമം നടത്തുന്നത് എന്ന ചോദ്യത്തിന് കേരളത്തിന്റെ ഭാവിയെക്കുറിച്ച് നല്ല വീക്ഷണമുള്ളവരെയാണ് പാർട്ടിയിലേക്ക് സ്വീകരിക്കുന്നതെന്നും കേരളത്തിന്റെ ഭാവിയെ കുറിച്ച് ആശങ്ക വെച്ച് പുലർത്തുന്ന ആളുകളെ ആണ് തങ്ങൾ ബിജെപിയിലേക്ക് ക്ഷണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വ്യാപകമായ രീതിയിൽ ബി ജെ പിയിൽ പുതിയ ആളുകളെ ചേർക്കുന്നതിനുള്ള ക്യാപെയിൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെ വിലയിൽ അധികം വൈകാതെ മാറ്റം വരും. സംസ്ഥാന സർക്കാരാണ് റബ്ബർ കർഷകരെ വഞ്ചിക്കുന്നത്. കേന്ദ്ര സർക്കാർ റബ്ബർ കർഷകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. റബ്ബറിന് 300 രൂപ ആക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട്അറിയിക്കണം. സംസ്ഥാനത്ത് പാൽ വില കൂട്ടിയത് ജനങ്ങളോടുള്ള ദ്രോഹമാണ്. ഇനി വില വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് യാതൊരു സാധനവും ബാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.








