തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ അന്വേഷണസംഘത്തെ വലച്ചത് ഷാരൂഖ് സെയ്ഫിയുടെ മൊബൈൽ ഫോണിലേക്ക് എത്തിയ ഫോൺ കോൾ. ട്രെയിനിൽ തീവയ്പുണ്ടായി രണ്ടാമത്തെ ദിവസമാണ് പ്രതിയുടെ ഫോണിലേക്ക് പാലക്കാട് നിന്ന് കോൾ എത്തുന്നത്. പ്രതിയുടെ നമ്പർ കേരള പോലീസിന് വേണ്ടി സൈബർ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിളിച്ചയാളുടെ ലൊക്കേഷൻ തപ്പിയെടുത്ത് അന്ന് തന്നെ പാലക്കാട് നിന്ന് ഈ യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
എന്നാൽ തീവയ്പുണ്ടായ സ്ഥലത്ത് നിന്ന് കിട്ടിയ ബാഗിലെ ഡയറിയുടെ പേജുകൾ ടിവിയിൽ കണ്ടപ്പോൾ അതിലേക്ക് വെറുതെ വിളിച്ച് നോക്കിയതാണെന്നാണ് യുവാവ് മൊഴി നൽകിയത്. യുവാവിന്റെ പശ്ചാത്തലം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയെങ്കിലും സംശയിക്കത്തക്കതായി യാതൊന്നും കണ്ടെത്തിയതുമില്ല.
സമാനമായ രീതിയിൽ ഷാരൂഖ് കണ്ണൂരിൽ നിന്ന് രക്ഷപെട്ട എറണാകുളം-അജ്മീർ മരുസാഗർ എക്‌സ്പ്രസ് മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ച ഉടനെ ആരോ അപായച്ചങ്ങല വലിച്ച് നിർത്തിയിരുന്നു. യാത്ര തുടർന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് കലംബാനിയെന്ന സ്ഥലത്ത് നിന്ന് പ്രതി ട്രെയിനിൽ നിന്ന് ചാടിയത്. ഷാരൂഖിനെ സഹായിക്കാൻ ആരെങ്കിലും മനപൂർവ്വം ചങ്ങല വലിച്ചതാണോ എന്നായിരുന്നു കേരള പോലീസ് സംശയിച്ചിരുന്നത്. റെയിൽവേ പോലീസുമായി ബന്ധപ്പെട്ട് ഈ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ,ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post