ന്യൂഡൽഹി: ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഇന്ന് ഡൽഹിയിൽ തുറക്കും. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് സ്‌റ്റോർ ലോഞ്ച് ചെയ്യുന്നത്. രാജ്യത്ത് ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന രണ്ടാമത്തെയും ഡൽഹിയിലെ ആദ്യത്തേതുമായ സ്റ്റോർ ആണ് സാകേത് സെലക്ട് സിറ്റിവോക്ക് മാളിൽ പ്രവർത്തനം ആരംഭിക്കുന്നത്. വെറും രണ്ട് ദിവസത്തെ ഇടവേളയിലാണ് ആപ്പിളിന്റെ രണ്ട് സ്റ്റോറുകളും പ്രവർത്തനം ആരംഭിക്കുന്നത്.
ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളുടെ കവാടത്തിന്റെ സമാന രീതിയിലാണ് സിറ്റിവോക് മാളിലെ വർണാഭമായ ബാരിക്കേഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ടാക്‌സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബാന്ദ്ര കുർള കോംപ്ലക്‌സിലെ സ്റ്റോർ രൂപകൽപ്പന ചെയ്തത്.
ആപ്പിൾ സ്റ്റോറുകളിൽ ഉത്പന്നങ്ങളുടെ വിൽപ്പന എന്നതിനെക്കാൾ അത് എക്‌സ്പീരിയൻസ് ചെയ്യുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ടൗൺ സ്‌ക്വയറിൽ എന്ന പോലെ ആളുകൾക്ക് സ്‌റ്റോറുകളിൽ എത്താനും ഉത്പന്നങ്ങളെകുറിച്ച് മനസിലാക്കാനും ഐഫോൺ, മാക് ബുക്ക് എന്നിവ എങ്ങനെ ഉപയോഗിക്കുമെന്ന് ചോദിച്ച് മനസിലാക്കാനും സാധിക്കും. ആപ്പിൾ സ്റ്റോറുകളിൽ ബില്ലിംഗ് പോയിന്റുകളോ ക്യൂവോ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉപഭോക്താക്കൾ എവിടെയാണോ അവിടെ തന്നെ ആപ്പിൾ ജീനിയസസ് സെയിൽ പൂർത്തിയാക്കും.








